കോഴിക്കോട്: ചത്ത കോഴി വില്‍പ്പന നടത്തിയ ചിക്കന്‍ സ്റ്റാള്‍, ഗുരുതര മനുഷ്യാവകാശ ലംഘനം നടത്തിയതായി തെളിഞ്ഞ സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിയും അടിയന്തരമായി ഇടപെട്ട് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്.
ഭക്ഷ്യസുരക്ഷ നിയമം 2006ല്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന മിന്നല്‍ പരിശോധനകള്‍ വീഴ്ച്ചകളില്ലാതെ നടത്തി പൊതുജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണമെന്ന അവകാശം ഉറപ്പാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
സംസ്ഥാന പോലീസ് മേധാവിയും ഭക്ഷ്യസുരക്ഷാ കമ്മീഷണറും സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 27ന് കോഴിക്കോട് നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.
മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. തലക്കുളത്തൂര്‍ അണ്ടിക്കോട് സി.പി.ആര്. ചിക്കന്‍ സ്റ്റാളിനെതിരെയാണ് പരാതി.
ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവിടെ നിന്നും 33 കിലോഗ്രാം ചത്ത കോഴി കണ്ടെത്തിയതായി പറയുന്നത്.
ചൊവാഴ്ച വൈകിട്ട് കോഴി വാങ്ങിയവരാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കടയില്‍ തിരികെയെത്തിയത്. നാട്ടുകാര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.