Headlines

ലൈൻ ബസ് ഊടുവഴിയിലൂടെ, ഗതാഗതക്കുരുക്ക് രൂക്ഷം

മടവൂർ: ദേശീയ പാതയിലെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് നരിക്കുനി, കുമാരസ്വാമി, കക്കോടി വഴി കോഴിക്കോട്ടേക്ക് പോകേണ്ട ലൈൻ ബസ്സുകൾ റൂട്ടു തിരിച്ചുവിട്ടത് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഈ റൂട്ടിലോടേണ്ട ബസുകൾ നിലവിൽ മച്ചക്കുളത്ത് നിന്ന് പറമ്പിൽ ബസാർ വഴി വേങ്ങേരിക്ക് സമീപത്ത് നിന്ന് ബൈപ്പാസ് മുറിച്ചു കടന്നാണ് കോഴിക്കോട്ടേക്ക് പോകുന്നത്. വളരേ വീതി കുറഞ്ഞ പ്രസ്തുത റോഡിലൂടെ സിറ്റി ബസുകൾ ഉൾപ്പെടെ ഏതാനും ബസുകൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. വലിയ വാഹനങ്ങൾ അധികം സഞ്ചരിക്കാത്ത റോഡ് എന്നതിന് പുറമെ നരിക്കുനി, പുല്ലാളൂർ, മടവൂർ ഭാഗങ്ങളിലേക്ക് കോഴിക്കോട്ട് നിന്ന് ഇരുചക്രവാഹനങ്ങളിലും കാറുകളുൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങളിലും യാത്ര ചെയ്യുന്നവർ ഈ റൂട്ടാണ് കാര്യമായി ഉപയോഗിക്കുന്നത്. ബസുകൾ പാസ് ചെയ്യാനുള്ള വീതിയില്ലാത്തതിനാൽ രണ്ട് ബസുകൾ ഒരുമിച്ചെത്തിയാൽ മണിക്കുറുകളോളമാണ് ഗതാഗത സ്തംഭനമുണ്ടാകുന്നത്. ദേശീയ പാത വേങ്ങേരി അണ്ടർ പാസിന് മുകളിൽ പാലം നിർമിക്കുന്നത് കാരണമാണ് ലൈൻ ബസുകളുടെ റൂട്ട് തിരിച്ചുവിടൽ. മൂന്ന് മാസം കൊണ്ട് തീരുമെന്ന് കരുതിയ ഈ പ്രവൃത്തി ഏതാണ്ട് ഒരു വർഷത്തോളമായിട്ടും പൂർത്തിയായിട്ടില്ല. നിർമാണ പ്രവൃത്തിയിൽ കരാറുകാർക്ക് വീഴ്ച്ച പറ്റിയതായി ദേശീയപാത അധികൃതർ തന്നെ സമ്മതിച്ചിരുന്നു.