ചെന്നൈയിൽ വാഹനാപകടത്തിൽ മടവൂർ സ്വദേശി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

മടവൂർ: ചെന്നൈ റെഡ് ഹിൽസിനു സമീപം ആലമാട്ടിയിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ കാർ ഡ്രൈവർ മടവൂർ സി.എം മഖാം സ്വദേശി തെച്ചൻകുന്നുമ്മൽ അനസ് ഉൾപ്പെടെ മൂന്നു പേർ മരിച്ചു.
ടാക്സി യാത്രക്കാരായിരുന്ന ഉഷാറാണി (48), ഇവരുടെ മക്കൾ സായ് മോനിഷ (നാല്) എന്നിവരാണ് മരിച്ച മറ്റുള്ളവർ.
ഉഷാറാണിയുടെ ഭർത്താവ് ജയവേലിനെയും (52) സായ് മോനിഷയുടെ ഇരട്ട സഹോദരൻ സായി മോഹിതിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവള്ളൂരിൽ താമസിച്ചിരുന്ന കുടുംബം ഞായറാഴ്ച ഉഷാറാണിയുടെ മാതാപിതാക്കളെ കാണാൻ ചെന്നൈയിലെ ചിന്താദ്രിപേട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റെഡ് ഹിൽസ്-തിരുവള്ളൂർ ഹൈറോഡിലൂടെ നീങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാർ വൻതോതിൽ തകർന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ ഉടൻ തന്നെ വാഹനം പരിശോധിക്കുകയും കാറിനുള്ളിൽ യാത്രക്കാരെ കണ്ടെത്തിയതിനെ തുടർന്ന് അധികൃതരെ അറിയിക്കുകയുമായിരുന്നു.
അപകടത്തിൻ്റെ ആഘാതത്തിൽ മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും പരിക്കേറ്റ ജയദേവും മകനും അതീവ ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചു. റെഡ് ഹിൽസ് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിങ് (ടിഐഡബ്ല്യു) കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.


മൃതദേഹങ്ങൾ സർക്കാർ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്.
മടവൂർ സി.എം മഖാമിന് സമീപം തെച്ചൻകുന്നുമ്മൽ മുഹമ്മദലിയുടെ മകനായ അനസ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ചെന്നൈയിലെത്തിയത്. റഹ്മത്താണ് മാതാവ്. വിദേശത്തായിരുന്ന അനസ് ദുബായ് ലുലുമാളിൽ ജോലിയിലുണ്ടായിരുന്നു. ഭാര്യ: ഫാത്തിമ നസ്റി. മക്കൾ: ആമിന അമാന (നാലു വയസ്), ഫാത്തിമ തൻഹ ( ഒന്നര വയസ്). മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗമായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ചെന്നൈയിലെത്തിയിട്ടുണ്ട്.