പത്തനംതിട്ട: സഹകരണ ബാങ്കിലെ അഴിമതി തുറന്നു കാട്ടുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റിന് കമന്റ് എഴുതിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ രണ്ടു കൈയും കാലും തല്ലിയൊടിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോലീസ് കേസെടുത്തു. തുമ്പമണ്‍ ടൗണ്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി അര്ജുന് ദാസിനെതിരേയാണ് പന്തളം പോലീസ് കേസെടുത്തത്.
കോണ്‍ഗ്രസ് തുമ്പമണ്‍ മണ്ഡലം വൈസ് പ്രസിഡന്റ് ബിജി ജോണ്‍ നല്കിയ പരാതിയിലാണ് കേസ്. തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 2023-24 ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇതില്‍ ബാങ്ക് 4 കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരാമര്‍ശമുണ്ടായിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇതു സംബന്ധിച്ച് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അതിന് ചുവട്ടില്‍ ബാങ്ക് പ്രസിഡന്റായ സുകുമാരന്‍ നായര്‍ കമന്റ് ചെയ്തു. ഈ കമന്റിന് ബിജി ജോണ്‍ മറുപടി ഇടുകയും സ്വന്തം നിലയില്‍ എഫ് ബി പോസ്റ്റ് ഇടുകയും ചെയ്തു. ഇതിന്റെ പേരിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി അര്ജുന് ദാസ് ഇന്നലെ രാത്രി ബിജി ജോണിലെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും കൈയും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.