തൃശൂർ: കുരിയച്ചിറ സ്വദേശിയായ യുവതിയെ ഫോണിൽ വിളിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ചമഞ്ഞ് സൈബർ തട്ടിപ്പുകാർ 9,50,000 രൂപ തട്ടി. ഉടൻ തട്ടിപ്പ് മനസിലാക്കിയ യുവതി സൈബർ ഫിനാൻഷ്യൽ ക്രൈം ഹെൽപ്പ് ഡെസ്ക്ക് നമ്പർ ആയ 1930ൽ വിളിച്ച് റിപ്പോർട്ട് ചെയ്തതോടെ തട്ടിപ്പുകാരുടെ അക്കൌണ്ട് മരവിപ്പിച്ചതു മൂലം യുവതിക്ക് മുഴുവൻ പണവും തിരിച്ചു കിട്ടി.
കഴിഞ്ഞ ജൂണിലാണ് സംഭവം നടന്നത്. ഡൽഹി കസ്റ്റംസിൽ നിന്നാണ് വിളിക്കുന്നതെന്നും നിങ്ങൾ മലേഷ്യയിലേക്ക് അയച്ച പാഴ്സലിൽ നിയമ വരുദ്ധമായ ചില വസ്തുക്കൾ ഉണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മറ്റും പറഞ്ഞ് സൈബർ തട്ടിപ്പുകാർ ഭീഷണിപ്പെടുത്തുകയും പിന്നീട് പണം തട്ടിയെടുക്കുകയായിരുന്നു. സൈബർ തട്ടിപ്പിൽ പണം നഷ്ടപെട്ടാൽ ഉടൻ 1930 എന്ന നമ്പരിലേക്ക് വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് അറിയുന്ന യുവതി അപ്പോൾതന്നെ സൈബർ ക്രൈം ഹെൽപ്പ് ഡെസ്ക്കിലേക്ക് വിളിച്ച് റിപ്പോർട്ട് ചെയ്യുകയും അതിനുശേഷശം തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്ക് തട്ടിപ്പുകാരുടെ ഫ്രീസ് ചെയ്ത അക്കൗണ്ടിൽ നിന്നും മുഴുവൻ പണവും തിരിച്ചെടുക്കാൻ സാധിച്ചു.
സൈബർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട് 1930 എന്ന നമ്പരിലേക്ക് വിളിക്കാതിരുന്നവർക്കും ഏറെ വൈകി വിളിച്ചവർക്കും അക്കൗണ്ട് ഫ്രീസ് ചെയ്ത് പണം തിരികെ കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്നും അതിനാൽ സൈബർ ഫ്രോഡുകളുടെ ഇരയായി പണം നഷ്ടപ്പെട്ടാൽ ഒരു മണിക്കൂറിനുള്ളിൽ 1930 എന്ന നമ്പരിൽ വിളിക്കണമെന്നും സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വി.എസ്. സുധീഷ്കുമാർ അറിയിച്ചു.